ഈ ചെട്ടിയാന്‍ ഭ്രാന്തി....!!
ശ്രീമന്‍ നാരായണന്
ചെട്ടിയാന്‍ ഭ്രാന്തി ചൊട്ട മുതല്‍ ചുടല വരെയുള്ള ജീവിത സന്ദര്‍ഭങ്ങളിലെ ഭയപ്പെടുത്തുന്നതും ചിന്തയില്‍ അവ്യക്ത ബിംബം തീര്‍ക്കുന്നതുമായ പ്രഹേളികയായി ഏകാന്ത വിരസതയില്പ്പോലും ആകുലതകളുടെ ഞെട്ടലുണ്ടാക്കുന്നു!ഒരു കണക്കില്‍ ജടില ജീവിതയാത്രയില്‍ കാമനകളുടെ കുത്തൊഴുക്കുള്ള കുഴിയാഴങ്ങളില് ശ്വാസം കിട്ടാതെ കറങ്ങിത്താഴുന്ന ലൗകിക മോഹങ്ങളുടെ നിരര്ത്ഥകചിത്രങ്ങളും അര്‍ത്ഥശൂന്യമായ ചിന്തകളുമാകാം ചെട്ടിയാന്‍ ഭ്രാന്തി, അല്ലെങ്കില്‍ മരണം പോലെ ഭയപ്പാടുള്ച്ചേര്ന്ന സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാകാം.കവി കാഴ്ചക്കാരനായി സത്യ സംഭവങ്ങളെ കാണുക മാത്രം ചെയ്യുകയല്ല, അതെല്ലാം അനുഭവിക്കുന്നവന്റെ നിസ്സഹായതയുടെ, തീവ്രതയുടെ അളവറിയാന്‍ കഴിയാതെ പോകുന്ന നിരര്‍ത്ഥക മായയുടെ വശ്യവലയത്തില്‍ അകപ്പെടുമ്പോഴുള്ള ആകുലതകള്‍ കൂടി കാണിച്ചു തരികയാണ്!മരണം പോലെ ലോകത്തിലുള്ള എല്ലാത്തിനേയും എപ്പോഴും പിന്തുടരുന്ന,സ്വന്തം വരുതിയിലാക്കുന്ന,തീനാളങ്ങളുള്ള ഭയം ഉള്ളില്‍ പൊള്ളലേല്‍പ്പിക്കുന്ന ഒന്നും ചെട്ടിയാന്‍ ഭ്രാന്തിയേപ്പോലെ ഭൂതകാല സാഹിത്യത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ചെട്ടിയാന്‍ ഭാന്ത്രി എന്നും പരിഭ്രാന്തിയുണ്ടാക്കുന്ന ഒരു പ്രഹേളികയായി നമ്മുടെ മുമ്പിലും പിമ്പിലും വശങ്ങളിലുമുണ്ടാകും. പാതിമയക്കത്തില്‍ ഓര്‍ത്തു ഞെട്ടാതിരിക്കാനുള്ള വിവേകം സംഭരിച്ചു വക്കാന്‍ സാന്ദര്‍ഭികമായി കവി നമ്മോടു പറയാതെ പറയുകയുമാണ്.
ഇങ്ങിനെ ഒരു കാവ്യാര്ച്ചനക്കുള്ള യോഗവും യോഗ്യതയും കാലം അങ്ങയില്‍ കരുതി വച്ചിരുന്നു എന്ന സത്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു!
കവിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു…
– ശ്രീമന്‍ നാരായണന്
- Sriman Narayanan @ facebook
ബാലസാഹിത്യത്തിന് വേറിട്ട ഒരു സഞ്ചാരപഥം
പി.എ. അലക്സാണ്ടര്‍
മലയാള ബാലസാഹിത്യത്തിനു പുഷ്കലമായ ഒരു ഭൂതകാലമുണ്ടായിരുന്നു. കുട്ടികളുടെ മനസ്സും ഭാവനയുമറിഞ്ഞ് അവരോടൊപ്പം സഞ്ചരിച്ച എഴുത്തുകാരുടെ ഒരു നീണ്ടനിര തന്നെ ഇന്നലെകളില്‍ ബാലസാഹിത്യരചയിതാക്കള്ക്കൊപ്പം ബാലസമൂഹത്തിന്റെ ആസ്വാദനരീതിയെ വികസ്വരമാക്കിയത് വിസ്മരിക്കാനാവില്ല.
കവിതാശാഖയില്‍ കുമാരനാശാനും, വള്ളത്തോളും, ജിയും ഉള്‍പ്പെടുന്ന കവിശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തെ നമുക്കോര്‍ക്കാം. ഗദ്യ ശാഖയില്‍ തകഴിയും, എം.ടി.യും, പൊറ്റെക്കാട്, ഉറൂബ് തുടങ്ങിയവരും കുട്ടികള്‍ക്കായി തൂലിക ചലിപ്പിച്ചതും മുതിര്‍ന്ന സാഹിത്യാസ്വാദകരുടെ സ്മരണകളിലെ ജൈവിക സ്പര്‍ശമാണ്. കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന കുലീനമായ ധര്‍മ്മമാണ് ബാലസാഹി ത്യരചനയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
ബാല ലോകത്തിന് ഹിതകരമായ ആശയങ്ങള്‍ക്ക് ആകര്‍ഷകമായ പരിസരമൊരുക്കുന്നതിലാണ് എഴുത്തുകാരന്റെ വൈഭവം ഒളിഞ്ഞിരിക്കുന്നത്. കഥാതന്തുവും കഥനവും ഹൃദ്യമായും ചാരുതയോടെയും ആവിഷ്കരിക്കാനാവുമ്പോള് എഴുത്തുകാരന്റെ ഒപ്പം വായനക്കാരായ കുട്ടികള്‍ക്കും ചേര്‍ന്നു നടക്കാനാവും. ഈ അപൂര്വ്വസാധനയെ കഥാത്മകമായി വിന്യസിച്ച് ബാലസാഹിത്യത്തിന് നഷ്ടപ്രായമാകുന്ന പെരുമയെ വീണ്ടെടുക്കുകയാണ് ജാലവിദ്യക്കാരന് ഓന്തുണ്ണി എന്ന ബാലകഥാ സമാഹാരത്തിലൂടെ എഴുത്തുകാരന് മോഹന്‍ മംഗലത്ത്.
പെരുമ്പാവൂര്‍ യെസ് പ്രസ് പ്രസാധകരായുള്ള സമാഹാരത്തില്‍ പന്ത്രണ്ട് കഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാപാത്രങ്ങളായെത്തുന്നത് ആമ, മുയല്, കടുവ, ഓന്ത്, ചിലന്തി, കഴുത, പുള്ളിമാന്‍ തുടങ്ങിയുള്ള ജന്തുസമൂഹത്തിലെ മൃഗ-പക്ഷിജാലങ്ങള്‍ പ്രമേയപരമായി നിരീക്ഷിച്ചാല്‍ നമ്മള് മനുഷ്യരുടെ ഇടപെടലുകളും ശരീരഭാഷയും ആശയവിനിമയവുമാണ് ഓരോ കഥകള്‍ക്കുമുള്ളത്. ഇത് കഥകള്‍ക്ക് അപൂര്‍വ്വമായ പാരാണക്ഷമതയെ പ്രദാനം ചെയ്യുന്നു.
പുസ്തകം കൈയിലെടുക്കുന്ന പ്രീ-പ്രൈമറി തല കുട്ടികളെ സംബന്ധിച്ചിടത്തോളം കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും അവരുടെ ലോകത്തിന് അന്യമായി തോന്നുകയില്ല. തങ്ങള്‍ക്കിടയിലുള്ള സഹജീവികള്‍ പങ്കുവയ്ക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും സംവാദങ്ങളും ഒപ്പിയെടുത്ത് ഭാവനയില്‍ ചേര്‍ത്തുവയ്ക്കുവാന്‍ ഓരോ കുട്ടിയും തയ്യാറാകും. കഥയിലൂടെ ഉരുത്തിരിയുന്ന വ്യത്യസ്ത സന്ദര്‍ഭങ്ങളും വൈകാരിക തലങ്ങളും കുട്ടികള്‍ക്ക് സ്വതഃസിദ്ധമായ മനോവിശ്ലേഷണത്തിലൂടെ മധുരിതമായ അനുഭവമായിത്തീരുകയാണ് ചെയ്യുന്നത്.
നേരമ്പോക്കിനൊപ്പം ഗുണപാഠവും പകരുന്ന കഥകള്‍ക്ക് കാവ്യാനുശീലനത്തിന്റെ മേമ്പൊടിയുമുണ്ട്. പ്രീ-പ്രൈമറി ഘട്ടം പിന്നിടുന്ന കുട്ടികളിലെ സഹജമായ കൗതുകത്തേയും ജിജ്ഞാസയേയും തഴുകിയുണര്‍ത്തുന്ന കഥാകാരന് അതിലൂടെ വായിക്കാനും പ്രേരിപ്പിക്കുന്നു. കഥകള്‍ക്കിടയിലെ കവിതാശകലങ്ങള്‍ അതിനുള്ള പരോക്ഷമായ ക്ഷണമായി കാണാം.
സമാഹാരത്തിലെ ആദ്യകഥ ബര്‍ത്ത്ഡേ കേക്കില്‍ മുയലമ്മയും ആമയും കുറുക്കനും കഥാപാത്രങ്ങളാകുന്നു. മുയലമ്മയുടെ മകന് മണിയന് മുയലിന്റെ ബര്‍ത്ത് ഡേയുമായി ബന്ധപ്പെട്ട് വികസിക്കുന്ന കഥ അനുരഞ്ജനം എന്ന വിശിഷ്ടമായ ഗുണത്തെ ബോദ്ധ്യപ്പെടുത്തുന്നു. നല്ലവനായ ആമക്കുട്ടന്റെ കഥ അനുസരണശീലത്തിന്റെ്റെ ഗൃഹപാഠം കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. കഥയില്‍ കുഞ്ഞണ്ണാന്റെ രക്ഷകനായെത്തുന്ന ആമക്കുട്ടന് നിത്യജീവിതത്തില്‍ നമ്മുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും അനുവര്‍ത്തിക്കേണ്ട വൃത്തിയേയും വെടിപ്പിനേയും ഓര്‍മ്മിപ്പിക്കുന്നതു ചിന്തനീയമാണ്.
കുറുനരിയുടെയും കുഞ്ഞാടിന്റെയും കഥയിലൂടെ സമയോചിതമായ ബുദ്ധിയുടെ വിനിയോഗമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതേ സന്ദേശം തന്നെയാണ് സൂത്രക്കാരന്‍ എലിയണ്ണന്, അമ്മത്തവളയുടെ ബുദ്ധി എന്നീ കഥകളിലും സ്ഫുരിക്കുന്നത്. സമാഹാരത്തിന്റെ പേരിലുള്ള കഥ വിളംബരം ചെയ്യുന്നത് ചങ്ങാതിമാരിലെ ആത്മാര്‍ത്ഥ സ്നേഹത്തെയാണ്. പുല്ച്ചാടിയുടെയും പൂത്തുമ്പിയുടെയും നിര്‍മ്മല സ്നേഹത്തില്‍ ഓന്തുണ്ണി യിലെ ദുഷ്ടവിചാരം വഴി മാറി സഞ്ചരിക്കുന്നത് ഹൃദയാവര്‍ജ്ജകമായി പകര്‍ത്തിയിരിക്കുന്നു.
അഹങ്കാരത്തെ നീക്കി സൗമനസ്യത്തെ ശീലിക്കാന്‍ പഠിപ്പിക്കുന്ന കഥയായി തെറ്റുതിരുത്തിയ പൂമ്പാറ്റയെ കാണാം. പൂക്കളില്‍ നിന്നുള്ള തേന്‍ കിട്ടാതെ പരിഭവിച്ച പൂമ്പാറ്റയ്ക്ക് തേനീച്ചകള്‍ നല്കുന്ന ഉപദേശം പുസ്തകം കൈയിലെടുക്കുന്ന കുട്ടി വായനക്കാര്‍ക്കും കൂടിയുള്ളതാണ്. അഹങ്കാരം കളഞ്ഞ് മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ശ്രമിക്കുക.
കഥാസന്ദര്‍ഭങ്ങളുടെ നാടകീയതയും വ്യത്യസ്തതയും കഥാസ്വാദകരായ കുട്ടികളെ സന്തോഷിപ്പിക്കാതിരിക്കില്ല. പരിചയിച്ചു വന്ന ചുറ്റുപാടുകളും സംഭവങ്ങളമാവുമ്പോള് കഥാപാത്രങ്ങളായെത്തുന്നത് ‘മനുഷ്യ’രല്ലെന്ന വസ്തുത പോലും അവര്‍ വിസ്മരിക്കും. പകരം ഊറിക്കൂടുന്ന സാരോപദേശത്തെ മാത്രം കണ്ടെടുക്കുകയാണ് അവര്‍ ചെയ്യുന്നത്.
ആരും മറ്റൊരാളെപ്പോലെ ആകാന്‍ ശ്രമിക്കരുതെന്ന താക്കീത് കഴുതമുത്തശ്ശി യിലൂടെ വായിച്ചെടുക്കാം. അലക്കുകാരിയായ് കഴുതമുത്തശ്ശിയുടെ അടുത്ത് വെളുക്കാനുള്ള ഉപായം തേടിച്ചെന്ന കാക്കയ്ക്ക് ലഭിച്ചത് കുട്ടികള്ക്കോരോരുത്തര്ക്കുമു
മോഹന്‍ മംഗലത്തിന്റെ നാലാമത് കൃതിയായി പ്രകാശിപ്പിക്കപ്പെട്ട ‘ജാലവിദ്യക്കാരന് ഓന്തുണ്ണി’ രചനയുടെ ‘ജാലവിദ്യ’യെ അടയാളപ്പെടുത്തുന്നതാണ്. ബാലസാഹിത്യത്തെ ലാഘവത്തോടെ സമീപിക്കാനും നിര്‍വ്വചിക്കാനും ശ്രമിക്കുന്നവര്‍ക്കിടയില്‍ വേറിട്ട സഞ്ചാരപഥം തീര്‍ക്കുന്നു മോഹന്‍ മംഗലത്ത്. മലയാള ബാലസാഹിത്യത്തില്‍ വായനക്കാരായ കുട്ടികളുടെ സാര്‍വ്വത്രിക പ്രീതി ലഭിക്കുന്നതിന് ഈ കഥാ സമാഹാരം ഉപകരിക്കുക തന്നെ ചെയ്യും.
- P A Alexander @ Saphalyam Masika (2025 June - July)
പാപങ്ങളുടെ പുണ്യസ്നാനങ്ങള്‍
പി.പി. രാജേന്ദ്രന് കര്‍ത്ത
പഴയ വായനയിലെ ഓർമ്മയാണ്; ഒരിക്കൽ മകൾ രാധയുമൊത്ത് വള്ളത്തിൽ പോവുകയാണ് ഒരാൾ. മറ്റാരുമല്ല, മൂന്നക്ഷരം കൊണ്ട് മലയാള സാഹിത്യത്തിലെ വിസ്മയമായി മാറിയ തകഴി. വലിയ ആലോചനയോടെ വള്ളം തുഴയുന്ന ഗോപാലനോട്’ കല്യാണക്കാര്യംഎന്താ’യെന്ന് തിരക്കുന്നു. ‘പെൺപണം കൊടുക്കാൻ വകയില്ലാത്തതുകൊണ്ട് അത് നടക്കില്ലെ’ന്നു സങ്കടത്തോടെ പറയുന്ന വള്ളക്കാരൻ്റെ വേദന ആ സാഹിത്യകാരൻ്റേയും ഉള്ളിൽ നൊമ്പരമായി .’ അന്ന് വെട്ടിൻ തറയിൽ ഒരു കൂട്ടർ പെണ്ണുകാണാൻ വന്നു’ എന്ന വാചകത്തിലൂടെ മലയാളിക്കു മുമ്പിൽ ജീവിതഗന്ധിയായ ഒരു സാഹിത്യ സൃഷ്ടി കൂടി അങ്ങനെ എത്തി: രണ്ടിടങ്ങഴി. ആദ്യത്തെ വാക്കാണ് കഥയുടെ പ്രചോദനമെന്ന് എം.പി. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. കഥ, കവിത, നോവൽ….. ഏത് മേഖലയിലുമുള്ള സാഹിത്യ സൃഷ്ടിയാവട്ടെ. ഭൂരിപക്ഷം എഴുത്തുകാരെ സംബന്ധിച്ചും അത്ര തന്നെ ഗൗരവത്തോടെയാണ്, ഉചിതമായ പേരുകൂടി, താൻ എഴുതിവച്ച അക്ഷരക്കൂട്ടങ്ങൾക്ക് മൊത്തത്തിൽ ഒരു മേലാപ്പായി നൽകുക എന്നുള്ളത്. പുനത്തിലിൻ്റെ ഇതിഹാസ നോവലിന് ദൃഢവും സാഹിത്യ ഭംഗിയുമുള്ള പേരിട്ടത് സാക്ഷാൽ എം.ടി.യാണ്: സ്മാരക ശിലകൾ. പേരും കഥയുടെ തുടക്കവും കിട്ടിയതുകൊണ്ടുമാത്രം ഒരു കൃതി മികച്ചതാവണമെന്നില്ലല്ലോ. ഭാവന എന്നൊന്നുണ്ട്. ഏതൊരു നുണയേയും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുക എന്നൊരു സൂത്രശാലിത്വം, മഞ്ഞുതുള്ളിയിലെ പ്രകാശബീജമായി അതിൽ തപസ്സു ചെയ്യുന്നു. ആഫ്രിക്കയിൽ പോകാതെ ആഭ്രിക്കയെപറ്റി യാത്രാവിവരണഗ്രന്ഥംഎഴുതി പല പതിപ്പുകൾ ഉണ്ടാക്കിയ ചരിത്രം കെ.സി. പീറ്ററും, ഒരിക്കൽ പോലും പോകാതെ ഡ്രാക്കുള കോട്ടയുടേയും കാർപാത്യൻ മലനിരകളുടേയും ഭൂമിശാസ്ത്രം അതേപടി പകർത്തിയ കോട്ടയംപുഷ്പനാഥുമെല്ലാം നമുക്കിടയിൽ തന്നെ ഉണ്ടായിരുന്നവരാണല്ലോ.
‘ വിശുദ്ധ പാപങ്ങൾ’ യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച എസ്. മനോജിൻ്റെ കഥാസമാഹാരമാണ്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ കഥാസമാഹാരം എന്ന് മാത്രമല്ല, ആദ്യത്തെ പുസ്തകം കൂടിയാകുന്നു. നൂറ്റി അറുപത്തിനാല് പുറങ്ങളിലായി പരന്നു കിടക്കുന്ന 15ഓളം കഥകൾ. ഏത് മാറാവ്യാധികൾക്കും ഏത് പ്രതിസന്ധികൾക്കും ഇടയിൽ, ഇടക്കിടെ കാസരോഗിയേപ്പോലെ കിതക്കുകയും പൂക്കാവടി പോലെ കുതിക്കുകയും ചെയ്യുന്ന പുല്ലുവഴി എന്ന ഗ്രാമം. അവിടെ,തൊഴിലാളി വർഗ്ഗ പാർട്ടിയിൽ നിന്നും വന്ന ഒരു മുൻ എം.എൽ.എയുടെ, ട്രാവൻകൂർ റയോൺസ് മുൻ തൊഴിലാളിയുടെ മകൻ്റെ ആദ്യ പുസ്തകം. ആ , ആദ്യ പുസ്തകത്തിലെ, ആദ്യ കഥാസമാഹാരത്തിലെ ,ആദ്യ കഥയുടെ പേര് ‘ഭഗവദ് ദൂത്’ എന്നുംമറ്റൊരു കഥക്ക് പേര്’ വിശുദ്ധ പാപങ്ങൾ’ എന്നുമായത് എന്തു കൊണ്ടാവാം എന്ന് ചിന്തിക്കായ്കയല്ല. ഒരുവേള ‘മഞ്ഞപ്പിത്തക്കാരൻ്റെ കണ്ണട’യുടെ വീക്ഷണ പ്രശ്നമാവാം. ഏതായാലും ആ വീക്ഷണത്തെ അപ്രസക്തമാക്കാൻ ഈ സമാഹാരത്തിലെ തന്നെ പതിനാലാമത്തെ കഥയുടെ തലവാചകം കൂടി ചേർത്തു വായിച്ചു ;തികച്ചും യാദൃശ്ചികം. Gപേ, ഈ ഫോർ എലഫൻ്റ് ടെയിൽ, അവധൂതൻ, അവസ്ഥാന്തരം, പോസ്റ്റുമോർട്ടം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു നാടോടിക്കഥ, എസ്കേപ് ടു വിക്ടറി, ആസ്തി, മറുചോദ്യം,ചുവന്ന താടി, ഐഡൻ്റിറ്റി ക്രൈസിസ് ….. തുടങ്ങി മേൽ പറഞ്ഞ രണ്ട് കഥകൾക്കൂടി ചേർന്ന പതിനഞ്ചു കഥകളും വായിച്ചു കഴിയുമ്പോൾ ഒരു ശെരാശെരി വായനക്കാരനെ സംബന്ധിച്ചിടത്തോളം മനസ്സിലാകുന്ന ചിലതുണ്ട്. പക , വേദന, വിരഹം, വിധേയത്ത്വം, പരിഹാസം, സന്തോഷം…. തുടങ്ങി മനുഷ്യ സഹജമായ വിവിധ വികാര-വിചാരങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ഒളിഞ്ഞും തെളിഞ്ഞുമൊക്കെയായി വിശുദ്ധ പാപങ്ങളിലെ കഥകളിലത്രയും കാണാം.
ഏക പുത്രൻ്റെ ബൈക്കുമോഹത്തെക്കുറിച്ചും, അതിന് ഭാര്യയുടെ അനുജൻ്റെ വലിയ സപ്പോർട്ടും മറ്റും വിഷയമായ ഒരു കഥ.ദാരുണമായ ഒരു ടൂവീലർ ആക്സിഡൻ്റിൻ്റെ ഭയാനക കാഴ്ച്ചയിൽ മകൻ തൻ്റെ മോഹം ഉപേക്ഷിക്കുന്നു. ‘ഭഗവദ് ദൂതെ’ന്ന കഥയുടെ ഇതിവൃത്തം ഇങ്ങനെ.പുതുതലമുറക്ക് ‘Gപേ’എന്നത് ഇന്ന് അപരിചതമായ വാക്കല്ല. പ്രത്യേകിച്ചും ‘ന്യൂ ജൻ’ തിളപ്പുകൾക്കിടയിൽ ഒട്ടുമിക്ക സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് ഈയൊരു മാർഗ്ഗത്തിലൂടെയാണ്. ഈ ഒരു രീതി വന്നതിനു ശേഷം Gപേയിലൂടെ കബളിപ്പിക്കപ്പെടുന്നവരും നിരവധി. ഒരു കേസുമായി ബന്ധപ്പെട്ട് അത്തരത്തിൽ കബളിപ്പിക്കപ്പെടുന്ന ഒരു വക്കീലിൻ്റെ അനുഭവമാണ്’ Gപേ’ എന്ന കഥയുടെ ഇതിവൃത്തം. ഉറക്കത്തിൽ പേടിച്ചു നിലവിളിച്ചെഴുന്നേല്ക്കുന്ന മകളുടെ ഭയം മാറ്റാൻ ആനവാല് ജപിച്ചു കെട്ടാൻ തീരുമാനിക്കുന്നതും അക്കാര്യം സാധിച്ചെടുക്കാനുള്ള വിവിധ തത്രപ്പാടുകളും മറ്റും’ ഈ ഫോർ എലഫൻ്റ് ടെയിൽ’ പറഞ്ഞു വെക്കുന്നു. മറുപാതിയായ പത്നി, വലിയ വിശ്വാസിയായിരിക്കത്തന്നെ അത്തരം വീക്ഷണങ്ങളെ ഒരു തരം പുച്ഛത്തോടെ മാത്രം സമീപിക്കുന്ന ഭർത്താവ്. പക്ഷെ കഥക്കൊടുവിൽ കുടുംബത്തിനു വേണ്ടി കാടാമ്പുഴ ക്ഷേത്രത്തിലേക്ക് മുട്ടിറക്കാൻ പോകുന്ന കുടുംബനാഥനിലൂടെ അവിശ്വാസിയുടെ ജീവിതത്തിലെ പരിഹാസ്യമായ ഗതികേടുകളെ കഥാകൃത്ത് ഒരു ക്യാൻവാസിലെന്നപോലെ വരച്ചുകാട്ടുന്നു. പെങ്ങൻന്മാരുടെ കല്യാണം ഉൾപ്പെടെയുള്ള ബാദ്ധ്യതകളാൽ സ്വന്തം കുടുംബ ജീവിതം പോലും വൈകിക്കേണ്ടി വന്ന യുവാവിനെ നമുക്ക് ‘അവധൂത’ നിൽകാണാം. സ്വന്തം നാട്ടിൽ വളരെ മാന്യനും ആർക്കും വേണ്ടപ്പെട്ടവനുമൊക്കെയായ , പുറം നാട്ടിൽ ജോലി തേടി പോകുന്ന മലയാളിയുടെ അവിശ്വസനീയ ചിത്രം പങ്കുവയ്ക്കുക കൂടിയാണ് ‘അവധൂതൻ’. ജീവിത യാഥാർത്ഥ്യങ്ങളിലെ കറുത്ത ഹാസ്യമാണ് കഥയിലുള്ളത്. ഏഴുവട്ടം പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ മണിക്കുട്ടൻ ‘ഏതു വിധേനയും കല്യാണം കഴിച്ചേ തീരു’ എന്ന വാശിയും ജാതകവും പൊരുത്തവും ഒക്കെ നോക്കി, അതിൻ്റെ രസാവഹമായ അവതരണവുമൊക്കെയാണ്’ അവസ്ഥാന്തരം’പറയുന്നതെങ്കിൽ’ വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ പറഞ്ഞുവക്കുന്നത് ഒരു വിദേശിയുടെ കുടുംബ ജീവിതത്തിലെ നൊമ്പരക്കാഴ്ച്ചകളാണ് . ജീവിതം വെട്ടിപ്പിടിക്കാൻ സിവിൽ എഞ്ചിനീയറിംഗ് ബിരുദവുമായി അറബി നാട്ടിലേക്ക് വണ്ടികയറിയ ബ്രാഹ്മണയുവാവ്. പേരിലൊഴികെ ജീവിതത്തിലൊരിടത്തും മാർദ്ദവം കാത്തു സൂക്ഷിക്കാത്ത ന്യൂ ജനറേഷൻ ഫെമിനിസ്റ്റായ അയാളുടെ ഭാര്യ മൃദുല നമ്പൂതിരി….. ഒറ്റപ്പെടലും ദുഖ:വുമായി, മക്കളുടെ കാര്യത്തിൽ പോലും സ്വന്തമായി തീരുമാനം എടുക്കാനാവാത്ത’ വെറുമൊരു ഭർത്താവായി’ ജീവിക്കേണ്ടി വരുന്ന ഒരാളുടെ ദൈന്യത ഇക്കഥ അടയാളപ്പെടുത്തുന്നു. പേര് സൂചിപ്പിക്കുംമ്പോലെ നാടോടിയായ ഒരാളുടെ ജീവിത ചിത്രം പങ്കുവക്കുന്നു ‘ഒരു നാടോടിക്കഥ’. മതഭ്രാന്തന്മാരുടെ പെരുങ്കളിയാട്ടം നടക്കുന്ന വർത്തമാനകാലത്ത്, അയൽ രാജ്യവുമായി ഒട്ടും സന്തോഷകരമല്ലാത്ത, അങ്ങേയറ്റം വേദനാജനകവും, പ്രക്ഷുബ്ധവുമായ വാർത്തകൾ മാത്രം പാരാവാരം ചെയ്യപ്പെടുന്ന സമയത്ത് ഇക്കഥയുടെ ഇതിവൃത്തം ഓരോ ഭാരതീയൻ്റേയും ഉൾനൊമ്പരച്ചിത്രം കൂടിയായി മാറുന്നുണ്ട്. മനുഷ്യനിലെ അപൂർവ്വമായ, ഒരിക്കലും വറ്റാത്ത നന്മയുടെ പരിഛേദമാണ് പുസ്തകത്തിൻ്റെ തന്നെ പേരായ’ വിശുദ്ധ പാപങ്ങൾ’ പറയുന്നത്. അനാഥരായ രണ്ട് കുട്ടികളെ തെരുവിൽ നിന്നും എടുത്ത് വളർത്താൻ യാചകൻ്റെ വേഷം കെട്ടിയ മനുഷ്യനെ കഥാകൃത്ത് വരച്ചിടുന്നു. അച്ഛനും അമ്മയും ഏക മകളുമുള്ള നിർദ്ധന കുടുംബത്തിൻ്റെ ദുരന്തകഥ പറയുകയാണ്’ എസ്കേപ് ടു വിക്ടറി’ . അതോടൊപ്പം സർവീസിലിരിക്കെ ആത്മഹത്യ ചെയ്യുന്ന വർഗ്ഗീസിലൂടെ തൊഴിലില്ലായ്മയുടെ രൂക്ഷതയും അടയാളപ്പെടുത്തുന്നു.
ഓട്ടിസം ബാധിച്ച, ചിന്തയും കാഴ്ച്ചയും ഭാഗികമായി നഷ്ടപ്പെട്ട 22 വയസ്സുള്ള വിഘ്നേഷ് എന്ന ചിത്രകാരൻ. റിട്ടേഡ് അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ കൈമൾ മാഷിൻ്റെ ഏകമകൻ. കലാലോകത്ത് വലിയ അഭിമാനമായി മാറുന്ന മകൻ്റെ ചിത്ര പ്രദർശനം ….. ഹൃസ്വമെങ്കിലും’ മറുചോദ്യം’ വായനക്കാരൻ്റെ ഹൃദയത്തിൽ തൊടുന്നുണ്ട്. ‘ചുവന്ന താടി’യിലെ ഉണ്ണ്യേട്ടൻ്റെ ജീവിതം അടയാളപ്പെടുത്തുന്നതും, കൗമാരത്തിൻ്റെ എടുത്തു ചാട്ടം ഒരു പെൺകുട്ടിയുടെ ജീവിതം ചതിക്കുഴിയിൽ എത്തപ്പെട്ടിട്ടും പ്രതിസന്ധികൾക്കൊടുവിൽ അവൾ ജീവിതത്തെ മെല്ലെ മെല്ലെ തിരിച്ചു പിടിക്കുന്നതുമായ’ തികച്ചും യാദൃശ്ചികം’ പറയാൻ ശ്രമിക്കുന്നതും, ‘ഐഡൻ്റിറ്റി ക്രൈസിസും’ വെത്യസ്തമായ പ്രമേയങ്ങൾ തന്നെയാണ്.
ഒരു പുതിയ എഴുത്തുകാരൻ്റെ ആദ്യ പുസ്തകം എന്ന നിലയിൽ ‘വിശുദ്ധ പാപങ്ങൾ’ കഥ എന്ന അതിൻ്റെ തട്ടകത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. പക്ഷ ഈ അടയാളപ്പെടുത്തൽ വലിയ വിജയമാണെന്നോ അത്രമേൽ മഹത്തരമാണെന്നോ ഒന്നുമുള്ള അവകാശവാദങ്ങളില്ല. തീർച്ചയായും പല വിധ പോരായ്മകൾ കൊണ്ടു കൂടി ‘ സമ്പന്നമാണ് ‘വിശുദ്ധ പാപങ്ങൾ. വിഷയസ്വീകരണം, കഥ അവതരിപ്പിക്കുന്ന രീതി, ഭാഷാ പ്രയോഗങ്ങളിലെ ആകർഷകത്വമില്ലായ്മ, സാഹിത്യ ഭംഗിയിൽ, മനോഹരമായ പദപ്രയോഗങ്ങളിൽ, പറയുന്ന വിഷയത്തെ കൂടുതൽ ആകർഷക മാക്കാനുള്ള ശ്രമത്തിൽ…. ഒക്കെ ന്യൂനതകളുണ്ട്.ചില കഥകളൊക്ക വായനയെ അങ്ങേയറ്റം വിരസമാക്കി തീർക്കുന്നതാണെന്ന് പറയാതെ വയ്യ. അതിന് ഉത്തമ ഉദാഹരണമാണ് ‘ആസ്തി’ എന്ന കഥ. പ്രമേയത്തിൻ്റെ പ്രശ്നമല്ല ഈ കഥയെ തകർത്തു കളയുന്നത്. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെയുള്ള കഥാകൃത്തിൻ്റെ കേറി ഇടപെടലും കഥാപാത്രങ്ങളെ അവരുടേതായ പ്രശ്നങ്ങളിലേക്കും സ്വതന്ത്ര ചിന്തകളിലേക്കും വിട്ടുകൊടുക്കാതെയുള്ള ബുദ്ധിജീവി നാട്യങ്ങളും തത്ത്വാവതരണങ്ങളുമൊക്കയാണ്. ഇത്തരത്തിലുള്ള വിരസവും ആവർത്തന രീതിയുമുള്ള എഴുത്ത്’ വിശുദ്ധ പാപ’ങ്ങളിലെ പല കഥകൾക്കും ഏല്പിക്കുന്ന പരിക്ക് ചെറുതല്ല താനും. പക്ഷേ ഒരിക്കൽ പോലും അത്തരത്തിലുള്ള വായനാശീലങ്ങളാണ് അത്തരം എഴുത്തിലേക്ക് കഥാകൃത്തിനെ പരുവപ്പെടുത്തിയതെന്ന് വായനക്കാരൻ വിധിയെഴുതില്ല. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ‘പോസ്റ്റുമോർട്ടം’ എന്ന കഥ. ഭാഷയിലെ അടക്കവും ഒതുക്കവും വിഷയത്തിൻ്റെ തീവ്രത കൊണ്ടും മാത്രമല്ല. ഭാവനയെന്നാലും ഒരു വെള്ളിത്തിരയിൽ നേരിട്ടു കാണുന്നതുപോലെ ഇക്കഥ വായനക്കാരനെ അങ്ങേയറ്റം ആസ്വാദ്യകരമായി, വായനയുടെ തലങ്ങളിൽ ഒട്ടും ബോറടുപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. വിശുദ്ധ പാപങ്ങളിലെ മികച്ച കഥകളിൽ ഒന്നായി തീർച്ചയായും ഇക്കഥ ഉൾപ്പെടുന്നുണ്ട്. ‘ വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ” ചുവന്നതാടി’ തുടങ്ങിയ കഥകളിലും പറയുന്ന വിഷയത്തിൻ്റെ ഗൗരവം ഒട്ടും ചോർന്നുപോയിട്ടില്ല. മികച്ച അച്ചടി പുസ്തകത്തിൻ്റെ നിലവാരം കൂടുതൽ ആകർഷകമാക്കുന്നു. അതുപോലെ തന്നെ ടൈറ്റിലിനു യോജിച്ച കവർഡിസൈനും ലേ – ഔട്ടുമാണ് എം.ആർ. വിപിനും ജിബി പത്മരാജനും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ഒരു പുസ്തകം വായിച്ചു മടക്കി വക്കുമ്പോൾ ആ പുസ്തകത്തിലെ എന്തെങ്കിലുമൊന്ന് വായനക്കാരനെ പിന്തുടരാനുണ്ടാകണം. ആ പുസ്തകത്തിലെ ഒരു ദുരന്തം വായനക്കാരൻ എന്ന നിലയിൽ മനസ്സിൽ ഏല്പിച്ച ഒരു പടുമുളയുടെ വരിഞ്ഞു കീറൽ, തകർന്നടിഞ്ഞുകിടക്കുന്ന പുകഴ്പ്പെട്ട തറവാട്ടിലെ കൂരിരുട്ടിലേക്ക്, മേൽക്കൂരയിലെ പൊട്ടിയ ഓടിൽ നിന്നും തെറിച്ചെത്തിയ വജ്ര സമാനമായ ഒരു പ്രകാശധാരയുടെ ചീള്, ഉറക്കത്തിലേക്ക് ആഴ്ന്നാഴ്ന്നുപോകുമ്പോൾ പെട്ടെന്ന് അഗാധമായ പടു കുഴിയിലേക്ക് വീണതു പോലെ കട്ടിലിൽ നിന്നും ഞെട്ടിയെഴുന്നേറ്റ നടുക്കം. എത്ര മറന്നാലും പിന്നേയും പിന്നേയും പൊട്ടിച്ചിരിപ്പിക്കുന്ന, വിസ്മയപ്പെടുത്തുന്ന സംഭാഷണം, മറക്കാനാവാത്ത ഒരു കഥാ സന്ദർഭം, ഒരു ഓർമ്മക്കാഴ്ച്ച , ഒരു നിറകൺചിരി…… അങ്ങനെ എന്തെങ്കിലും. അതെന്തായാലും ഒന്നു തീർത്തു പറയാം. എഴുത്തിൻ്റെ ലോകത്തേക്ക് ഒരു നവമുകുളം തുറന്നുവച്ച ഈ’പാപ’ ഭാരങ്ങളിൽ അത്ര മോശം പറയാത്ത കുറേയൊക്ക’ വിശുദ്ധി’യും കുടിയിരുപ്പുണ്ട്.
കൂടുതൽ കൂടുതൽ വായനകളിലേക്ക് എത്തപ്പെട്ട് ‘വിശുദ്ധ പാപങ്ങ’ളിലെ പുണ്യത നാലാൾ അറിയട്ടെ…ആശംസകൾ.
*************************************************
പി.പി. രാജേന്ദ്രൻ കർത്ത.
- P P Rajendran Kartha @ Facebook
കവിത മനുഷ്യ ജീവിതം തന്നെ
ബാബു പ്രദീപ് കെ.
ശ്രീ പ്രദീപ് എസ് എസ്സിന്റെ പുതിയ കവിതാ സമാഹാരം (പുതുതായ് പറയുവാൻ ): അതിലെ “ഡൈനിങ് ടേബിൾ” എന്ന കവിത വായിച്ചപ്പോൾ വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ ഓർമ്മയിൽ വന്നു .
വനാന്തരത്തിൽ സഹജസ്വാതന്ത്ര്യത്തിൽ വിഹരിച്ചിരുന്ന കൊമ്പനാനയെ ഇടിച്ചും ചതച്ചും മെരുക്കി സംസ്കരിച്ച് എഴുന്നെള്ളിപ്പാനയാക്കിയ കഥ . മദപ്പാടിൽ ഒരു ഉത്സവ മദ്ധ്യേ അടക്കവും ചട്ടവുമെല്ലാം ഉപേക്ഷിച്ച് പഴയ കാട്ടാനയായി മാറുന്നു അവൻ. ” നിർഗ്ഗതബല/ മെന്നാലുഗ്രവീര്യം തന്നുടൽ, നിഗ്രഹോത്സുകം / സ്നേഹവ്യഗ്രമെങ്കിലും ചിത്തം.” നാട്ടാന വീണ്ടും കാട്ടാനയായാൽ ഇങ്ങനെയൊരു ദ്വിത്വവും തദ്വാരാ സന്ദേഹവും വന്നു കൂടും. ബലഹീനത *ഉഗ്രവീര്യം, നിഗ്രഹ താത്പര്യം * സ്നേഹ വ്യഗ്രത എന്നിങ്ങനെയുള്ള ദ്വന്ത്വങ്ങൾ. ഇത് മൃഗ സഹജമല്ല. മനുഷ്യ സഹജമാണ്. സോഷ്യൽ അനിമൽ ആണല്ലോ അവൻ. പ്രാകൃത (പ്രകൃതി ) മനുഷ്യൻ സാമൂഹ്യ മനുഷ്യൻ ആയി മാറുമ്പോൾ അവനു കൂച്ചു വിലങ്ങുകൾ പലത്. സഹജ കാമങ്ങളിൽ നിന്നും പിന്നാക്കം വലിക്കുന്ന തോട്ടികൾ പലത്.
അതെല്ലാം ലംഘിച്ച് ചങ്ങലകൾ പൊട്ടിച്ചു പുറത്തുവന്നാൽ
“എന്തിതിപുതുവന പാതയിൽ പരിചിത —
ഗന്ധമൊന്നുലാവുന്നൂ പ്രാണ നിർവ്വാണ പ്രദം ” എന്നായി . അതാണ് സ്വാതന്ത്ര്യവും സ്വതന്ത്രവും .
പ്രകൃതത്തിലേക്ക് തിരിച്ചുപോവാനുള്ള അസ്തിത്വ താത്പര്യം പോലെ ബലമുള്ളതാണ് പ്രകൃതിയിലേക്ക് തിരിച്ചുപോവാനുള്ള ശീല താത്പര്യവും . ഉത്സവമല്ല പ്രകൃത്യുത്സവമാണ് ശാശ്വതം . മറ്റുള്ളതെല്ലാം പരിഹാസ്യമായ കൃശാനുകരണം മാത്രം .
വൈലോപ്പിള്ളിയുടെ കവിതയിൽ കരിവീരനാണ് വിഷയമെങ്കിൽ പ്രദീപിന്റെ കവിതയിൽ ഒരു കരിവീട്ടിക്കാണ് പ്രകൃതി ഭ്രംശം/ ഭ്രഷ്ട് വന്നുപോയത് . വീട്ടി മരം സംസ്കാരം കൊണ്ട് ഒരു ഊണ് മേശയായി മാറി . മനുഷ്യദുര കൊണ്ട് മുറിച്ചും ചെത്തിയും ചിന്തേരിട്ടും . വനധ്യാനമുള്ള ഒറ്റക്കാൽ നിൽപ് സംസ്കാരം കൊണ്ട് പുകിൽ നിറഞ്ഞ് നാലുകാലിലായി . തലയിലെഴുത്ത് തന്നെ .
“പുതിയ കാലത്തിന്നരുമയെ
തടവി , വീട്ടിലെ പെൺകൊടി
അരികിലെത്തിയെൻ കടഞ്ഞ കാലിൽ
തടഞ്ഞു രണ്ട് പൂവള്ളികൾ
ഒരു നിമിഷമെൻ നിൽപ്പേതോ
കൊടിയ കാട്ടിന്റെയുള്ളിലായ്
മധുരഭാഷിണി പുഞ്ചിരിച്ചു, ഞാൻ
കുയില്‍ പാടുന്ന ശാഖിയായ് ”
ബാല്യത്തിന്റെ സുവർണ്ണ സ്പർശം പ്രകൃതത്തിലേക്കുള്ള തിരിച്ചുപോക്കായി ഭവിച്ചു . മേശ മരമായി . അതിനെ വള്ളികൾ പുണരും . പൂവും കായും കാറ്റും കുയിലും അതിന്റെ ഉത്സവമായി മാറും . കരിവീരനും കരിവീട്ടിയും മനുഷ്യജീവിത രൂപകങ്ങൾ തന്നെ .
- Babu Pradeep K @ Facebook
അനുഗ്രഹീതമായ ഒരു ഹിമാലയയാത്ര
എസ്. എന്‍. ഷാജി
ഹിമാലയ യാത്രാസ്മരണകള്‍ എന്ന ഗ്രന്ഥത്തിന്റെ ആദ്യ പുറങ്ങളിലൊന്നില്‍ ഇങ്ങനെ വായിക്കാം: എല്ലാ തീര്‍ത്ഥയാത്രകളും ഈശ്വരാന്വേഷണമാകണം. ചിത്തശുദ്ധിക്കുതകുന്ന സാധനകളാകണം. പ്രകൃതിയേയും ജീവജാലങ്ങളേയും അറിയുന്ന യാത്രകളാവണം. തന്നറിവിലേക്കുള്ള പ്രാര്‍ത്ഥനകളാവണം. സി.എ. ശശിധരന് നായര്‍ എന്ന ഗ്രന്ഥകാരന്റെ വാക്കുകളാണിവ.
പ്രകൃതിയെന്ന, പ്രപഞ്ചമെന്ന മഹാവിസ്മയത്തിനു മുന്പില് അഹങ്കാരം എരിഞ്ഞ ടങ്ങുന്നതു മാത്രമല്ല, താനും ആ സമഷ്ടിയുടെ ഒരംശമാണെന്ന ആത്മജ്ഞാനം തെളി ഞ്ഞുകത്തുന്നത് കൂടിയാണ് യാത്രകള്‍.
ഭാരതീയസംസ്കാരത്തില്‍ ഹിമാലയനിരകള്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ടല്ലോ. ഇതി ഹാസങ്ങളിലും ഹിമവാന് വിശേഷവ്യക്തിത്വം തന്നെയാണ് നല്കപ്പെട്ടിട്ടുള്ളത്. എണ്ണമറ്റ യാഗങ്ങളുടെയും യുദ്ധങ്ങളുടെയും തപസ്സാധനകളുടെയും മോക്ഷപ്രാപ്തികളുടേയും രംഗവേദിയായിരുന്നു ഈ പര്വതപാര്ശ്വങ്ങളും താഴ്വരകളും. നഗാധിരാജന്‍ എന്ന് കാളിദാസന് വിശേഷിപ്പിച്ച ഈ വിശ്രുത ഗിരിനിരകളെ അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും മാത്രമേ ഒരു ഭാരതീയന് നോക്കിക്കാണുവാന്‍ കഴിയുകയുള്ളൂ.
2500 കിലോമീറ്റര്‍ നീളത്തില്‍ 100 മുതല്‍ 400 കിലോമീറ്റര്‍ വരെ വീതിയില്‍ നെടും കോട്ടയായി ഭാരതഖണ്ഡത്തെ സംരക്ഷിച്ചുപോരുന്ന, നമ്മുടെ കാലാവസ്ഥയെയും ഭൂപ്ര കൃതിയെയും വരെ നിയന്ത്രിക്കുന്ന, ദേവദത്തമായ ആ അനുഗ്രഹത്തെ അടുത്തു കാണുവാനുള്ള ആഗ്രഹം ഏതൊരു ഭാരതീയനും സഹജമാണ്, സ്വാഭാവികമാണ്.
മിതശീതോഷ്ണ കാലാവസ്ഥയില്‍ കഴിയുന്ന മലയാളിക്ക് ഹിമവും തണുപ്പും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം കൗതുകയാത്രകള് ചിലര്‍ക്കൊക്കെ വിനോദജ്ഞാന യാത്രകളായി വഴിമാറാറുണ്ട്. അറിവിനായുള്ള ദാഹം വര്‍ദ്ധിച്ച് ജിജ്ഞാസുവാ കുന്നതോടെ യാത്രകള്‍ പൂര്‍ണമായും പഠന-വിജ്ഞാന യാത്രയായി മാറും. ഈ ഗ്രന്ഥ കാരന് അത്തരം പഠനയാത്രകള്‍ നടത്തുന്ന സവിശേഷ വ്യക്തിത്വത്തിനുടമയാണ്.
അടുത്തകാലത്ത് ഹിമാലയ യാത്രാ സാഹിത്യം ഒരു സാഹിത്യശാഖയായി രൂപ പ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹോട്ടല്‍ മുറികളുടെയും ഭക്ഷണത്തിന്റെയും സ്വയം പുക ഴ്ത്തലുകളുടെയും ശാഖകൂടിയാണിത്. ഇവിടെയാണ് ശശിധരന് നായരുടെ യാത്രാ സ്മരണകള്‍ വ്യത്യസ്തതമാകുന്നതും മൂല്യവത്താകുന്നതും.
ദേവഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമായി പുരോഗമിക്കുന്ന യാത്രയുടെ ആദ്യഘട്ടത്തില്‍ തന്നെ, ചരിത്രാതീതകാലത്ത് പര്‍വതങ്ങള്‍ പിറവികൊള്ളുന്ന പ്രതിഭാസമായ പര്‍വ്വത ന’ത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആഗോളതാപനം ഹിമാലയത്തിന് എങ്ങനെ വെല്ലു വിളിയാകുന്നുവെന്നും ലളിതമായ ഭാഷയില്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ഭഗവദ്ഗീതാകാരന്റെ ജന്മദേശമായ മഥുരയെയും വൃന്ദാവനേക്കുറിച്ചുമൊക്കെയുള്ള വിവരണം നിറഞ്ഞ കണ്ണുകള്‍കൊണ്ട് മാത്രമേ വായിച്ചുപോകാനാവൂ. സമതലങ്ങ ളിലൂടെയുള്ള യാത്ര ശിവാലിക് കുന്നുകളിലേക്കും ഹിമാലയ പാര്‍ശ്വങ്ങളിലേക്കും തുടരുമ്പോള്‍ വായനക്കാര്‍ക്ക് അതൊരു മനോഹരദൃശ്യവിരുന്നാണ്. സ്ഥലപുണ്യവും തീര്ത്ഥപുണ്യവും ഒരുമിക്കുന്ന യമുനോത്രി, ഗംഗോത്രി, ബദരീനാഥ്, കേദാര്‍നാഥ് തുട ങ്ങിയ പുണ്യധാമങ്ങളുടെ സ്വര്‍ഗ്ഗഭൂമിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന എഴു ത്തുകാരന് പകര്‍ന്നുതരുന്ന അനുഭൂതി അവാച്യമാണ്, അനുഭൂതിദായകമാണ്. യാത്രാ വേളയിലൊരിക്കല്‍ തന്റെയുള്ളിലെ പച്ചമനുഷ്യന് അനുഭവിച്ചനോവും നൊമ്പരവും തുറന്നുപറയാന്‍ മടികാണിക്കാത്ത ചില സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. തളര്‍ന്ന് അവശയായ കുതിരയോട് യാത്രികനെന്ന നിലയിലും, മറ്റൊരു കുതിരയുടെ അപ മൃത്യുവേളയിലും ഗ്രന്ഥകാരന്റെ കരുണയും ആര്‍ദ്രതയും സഹജീവി സ്നേഹവും വ്യക്തമാകുമ്പോള്‍ നമ്മുടെ കണ്ണുകളും സജലങ്ങളാകും. ഉള്ളിലെവിടെയോ ഒരു മുള്‍മുന ആഴ്ന്നിറങ്ങും.
ബദരിനാഥത്തിനു വടക്ക് പനയോല അടുക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ശിലാപാളികളുടെ ചുവട്ടിലെ വ്യാസഗുഹയും തെല്ലുതാഴെയായുള്ള ഗണപതി ഗുഹയും സമീപത്തുകൂടി കേശവപ്രയാഗയിലേക്ക് ഒഴുകി അന്തര്‍ധാനം ചെയ്യാനൊരുങ്ങുന്ന സരസ്വതി നദിയെ യുമൊക്കെ മഹാഭാരതപ്പിറവിയോട് ചേര്‍ത്തുവച്ച് ഗ്രന്ഥകാരന് പരിചയപ്പെടുത്തുന്നു.
ഇതിഹാസപ്പിറവിക്ക് സാക്ഷ്യംവഹിച്ച ‘മാനാ’എന്ന സര്ഗഭൂവിലൂടെ നമ്മെ നയി ക്കുമ്പോള്‍ത്തന്നെ ആചാര്യ ശങ്കരഭഗവദ്പാദരുടെ അദ്വൈതസിദ്ധാന്തവും ഉപനിഷത് സന്ദേശങ്ങളുമൊക്കെ ലളിതമായി അനായാസേന ഗ്രഹിക്കുവാന്‍ തക്കവണ്ണം ഉള്ക്കൊ ള്ളിച്ചിരിക്കുന്നു.
ദേവഭൂമിയിലൂടെയുള്ള യാത്രയില്‍ വേദങ്ങളും സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുക്കളുമൊക്കെ പരാമര്‍ശിച്ചിട്ടുള്ളത് ഔചിത്യപൂര്ണമാ യിത്തന്നെയാണ്. ധര്‍മാധര്‍മങ്ങളുടെ സംവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ മഹാ ഭാരതത്തിലൂടെ വ്യാസഭഗവാന് ഉല്‍ഘോഷിച്ച ധര്‍മത്തെ അയത്നലളിതമായ ഉദ്ധരണി കളിലൂടെ മനസ്സിലാക്കിത്തരുവാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.
മറ്റു പല യാത്രാവിവരണങ്ങളെപ്പോലെ ആവര്‍ത്തനവിരസങ്ങളായ വര്‍ണനകളോ സ്വയം പുകഴ്ത്തലുകളോ ഒരിടത്തുമില്ല. പൗരാണികഭാരതത്തിലെ മോക്ഷപ്രാപ്തിയരുളുന്ന പുണ്യനഗരമായ ഹരിദ്വാറിലെ കുംഭമേളയെക്കുറിച്ച് വ്യക്തമായ അറിവുതരാന്‍ ഗ്രന്ഥകാരന് ശ്രദ്ധിച്ചിട്ടുണ്ട്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന, അറിവിനെ ആദരിക്കുന്ന ജിജ്ഞാസുക്കള്‍ക്ക്, ഹിമാലയം സന്ദര്‍ശിച്ചവര്‍ക്ക്, സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ യാത്രാസ്മരണകള്‍ പൂര്‍ണമായ തൃപ്തി നല്കുമെന്നതില് സംശയമില്ല.
- S N Shaji @ Janmabhoomi (2024 Feb 04)
പറയന്റെ ഇതിഹാസം!
ബിജു സി. പി. (അസി. ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി)
ഒന്നാന്തരം നോവലാണ് തീണ്ടാപ്പാട്. രസകരമായി വായിച്ചു പോകാം. പറയന്റെ ഇതിഹാസം! ജാതിയും വിവേചനവും പറയുന്ന കൃതികളിലൊക്കെ നമ്മള് ബ്രാഹ്മണ്യപ്രശ്നങ്ങളേ ചര്‍ച്ച ചെയ്യാറുള്ളൂ. ജാതി വിവേചനങ്ങള്‍ (അങ്ങേയറ്റത്തെ ജാതി മുതല്‍ ഇങ്ങേയറ്റത്തെ ജാതി വരെ)തൊട്ടടുത്തുള്ളവരോടു പോലും പുലര്‍ത്തിയിരുന്ന തീണ്ടാപ്പാടകലത്തിന്റെ നേര് വിവരണം ഇതിലുണ്ട്.
നോവലിന്റെ ഒന്നാം ഭാഗം ഉജ്വലമാണ്. ജാതിസ്വത്വത്തിന്റെ തീക്ഷ്ണസൗന്ദര്യമുള്ള ചിത്രീകരണം ഉജ്വലമായൊരു കളമെഴുത്താണ്. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍.
പിന്നീട് സമകാലസാഹചര്യങ്ങളിലേക്കു വരുമ്പോള്‍ ഒരുതരം സാധാരണീകരണം വരുന്നത് സ്വാഭാവികം.
പ്രണയത്തിന്റെ ലോലമായൊരു തന്തുവില്‍ സാമൂഹിക രാഷ്ട്രീയ ജീവിതം കോര്‍ത്തുകെട്ടിയിരിക്കുന്നു. ഇനിയെന്ത് എന്ന് സ്നേഹഭരിതമായ ഒരുത്കണ്ഠ അവസാന ഖണ്ഡിക വരെ നിലനിര്‍ത്താന്‍ നോവലിന് കഴിയുന്നുണ്ട്. നോവലിന്റെ വികാസത്തില്‍ അത്യാവശ്യമല്ലാത്ത ചില വിവരണങ്ങളെയും കഥാപാത്രങ്ങളെയും മാറ്റി നിര്‍ത്താനായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
ജാതീയതയുടെ വിവേചനങ്ങള്‍ അനുഭവിച്ചും അറിഞ്ഞും ആധുനികതയുടെ സാമൂഹിക വിനിമയങ്ങളെ ഉള്‍ക്കൊണ്ട് എങ്ങനെയൊണ് വിവിധ ജാതിസ്വത്വങ്ങള്‍ പൊതുകേരളമായി രൂപപ്പെട്ടത് എന്ന് വെളിപ്പെടുത്തുന്ന ഒരു പാഠപുസ്തകം കൂടിയാണിത്. വിവേചനങ്ങളെ തിരിച്ചറിയാനുള്ള ആത്മബോധവും അതിനെ മറികടക്കാനുള്ള ആത്മവിശ്വാസവും പ്രകടിതമാക്കുന്ന രചന.
- Biju C P @ Facebook